Wednesday, November 17, 2010

ചര്‍മ്മ സംരക്ഷണത്തിന് ലോഷനുകള്‍


സൌന്ദര്യശാസ്ത്രത്തില്‍ മുഖത്തിന് പ്രാധാന്യം കൊടുക്കുന്ന പതിവ് തിരുത്തുകയാണ് ഇന്നത്തെ തലമുറ. മുഖസൌന്ദര്യത്തിനു പുറമെ കൈ കാലുകളുടെ വൃത്തിയും എല്ലാത്തിനുമുപരി ചര്‍മ്മത്തിന്റെ തിളക്കവുമാണ് സൌന്ദര്യത്തിന്റെ മാനദണ്ഡമായി കണക്കാക്കുന്നത്. സ്കിന്‍ സോഫ്റ്റ്നസ്സും സ്കിന്‍ ടോണുമാണ് ഇന്നാളുകള്‍ നന്നാക്കിയെടുക്കാന്‍ ശ്രമിക്കുന്നത്. മുഖക്കുരുവും കറുത്ത പാടുകളും വരകളും ഇല്ലാത്ത ചര്‍മ്മമാണ് യുവത്വത്തിന്റെ പുതിയ സ്വപ്നം. അത്തരത്തിലുള്ള ചര്‍മ്മകാന്തി ലഭിക്കുന്നതിന് സഹായിക്കുന്ന ധാരാളം ലോഷനുകളും ഇന്ന് വിപണിയില്‍ സുലഭമാണ്. കറുത്ത പാടുകള്‍, ചുളിവുകള്‍, കഴുത്തിലെ കറുപ്പ് നിറം തുടങ്ങിയവയ്ക്കെല്ലാം പരിഹാരമാണ് ഇത്തരം ലോഷനുകള്‍.

എന്നാല്‍ ഓരോ ആളുകളിലും വ്യത്യസ്തപ്പെട്ടു കാണുന്ന ചര്‍മ്മത്തിന് അതനുസരിച്ചുള്ള ലോഷനുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. വരണ്ട ചര്‍മ്മത്തിനും എണ്ണമയമുള്ള ചര്‍മ്മത്തിനും സാധാരണ ചര്‍മ്മത്തിനും ഉപയോഗിക്കേണ്ട ബോഡി ലോഷനുകള്‍ വ്യത്യസ്തമാണ്. ചര്‍മ്മത്തിന്റെ കാന്തി വര്‍ദ്ധിപ്പിക്കുന്നതിനും തിളക്കം കൂട്ടുന്നതിനും സഹായകരമായ മില്‍ക്ക് ബാത്ത് സ്കിന്‍ ലോഷന്‍ കടകളില്‍ ലഭ്യമാണ്. ലോഷനുകള്‍ വാങ്ങുമ്പോള്‍ അവരവരുടെ സ്കിന്‍ ടോണിന് യോജിക്കുന്നവ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

സ്കിന്‍ ബാത്ത് ലോഷന്‍
കുളി കഴിഞ്ഞ ഉടനെ ഉപയോഗിക്കാനുള്ളതാണ് ബാത്ത് ലോഷനുകള്‍. വരണ്ട ചര്‍മ്മമുള്ളവര്‍ക്കാണ് ബാത്ത് ലോഷന്റെ ആവശ്യം. വിരലുകള്‍ക്കും കൈ കാല്‍ മുട്ടുകള്‍ക്കും ഇടയില്‍ ഉണ്ടാകുന്ന പാടുകള്‍ മാറ്റുന്നതിന് ഇത്തരം ലോഷനുകള്‍ വളരെ ഫലപ്രദമാണ്. കുളി കഴിഞ്ഞും കൈകാലുകളിലെ എണ്ണമയം നിലനിര്‍ത്തുന്നതിനും ചര്‍മ്മം വരളാതിരിക്കാനും സഹായിക്കുന്നതാണ് ഇത്തരം ലോഷനുകള്‍. ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു.
മില്‍ക്ക് ബാത്ത്
വെള്ളത്തില്‍ പാല്‍ കലര്‍ത്തി അതില്‍ കുളിക്കുന്നതിനെയാണ് മില്‍ക്ക് ബാത്ത് എന്ന് പറയുന്നത്. വാഷ് ടബിലെ വെള്ളത്തില്‍ പാല്‍ കലര്‍ത്തിയശേഷം കുറച്ചു നേരം അതില്‍ മുങ്ങിയിരിക്കണം. പാലിന്റെ നല്ല സത്തുകള്‍ ചര്‍മ്മം വലിച്ചെടുക്കുന്നതിനു വേണ്ടിയാണിത്. ലോകത്തിലെ ഏറ്റവും നല്ല ചര്‍മ്മത്തിന് പേരുകേട്ട ഈജിപ്ഷ്യന്‍ രാജ്ഞി ക്ളിയോപാറ്റ്റയിലൂടെ പ്രശസ്തമായതാണ് മില്‍ക്ക് ബാത്ത്.
ബോഡി ലോഷന്‍
ശരീരത്തില്‍ മുഴുവന്‍ പുരട്ടാനുള്ളതാണ് ബോഡി ലോഷനുകള്‍. ചര്‍മ്മത്തിന് മിനുസം കിട്ടാനുള്ളതാണ് ഇത്തരം ലോഷനുകള്‍. ആളുകള്‍ക്ക് അവരുടെ താല്‍പര്യമനുസരിച്ച് ഇവ പല നിറത്തിലും ഗന്ധത്തിലും ലഭിക്കും. സൂര്യതാപമകറ്റാനും, അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷണം ഉറപ്പു വരുത്തുന്നതിനും സഹായിക്കുന്ന സണ്‍സ്ക്രീന്‍ ലോഷനുകളും ഉണ്ട്.
ബേബി ലോഷന്‍
കുട്ടികളുടെ ചര്‍മ്മത്തിന് ഉതകുന്നതാണെന്ന ഉറപ്പ് വരുത്തിയ ശേഷമേ ബേബി ലോഷനുകള്‍ ഉപയോഗിക്കാവൂ. അതിനായി ഡി-മെറ്റലര്‍ജിക്കല്‍ ലാബുകളില്‍ ടെസ്റ് ചെയ്ത ലോഷനുകള്‍ തിരഞ്ഞെടുക്കാം. ഇത്തരം ലോഷനുകളില്‍ രാസവസ്തുക്കളോ സ്കിന്നിനെ ഇറിറ്റേറ്റ് ചെയ്യുന്ന മറ്റു കെമിക്കല്‍സും ഉണ്ടാകില്ല.
ഹാന്റ് ലോഷന്‍
ശരീരത്തിന്റെ ഭാഗമാണെങ്കിലും നമ്മള്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് കൈകള്‍. അതുകൊണ്ട് തന്നെ കൈകളിലെ മൃദുത്വം ഇല്ലാതാകുകയും ജലാംശം നഷ്ടപ്പെടുകയും ചെയ്യും. ഹാന്റ് ലോഷനുകള്‍ ഉപയോഗിക്കുന്നതു വഴി ഇത് ഒരു പരിധി വരെ പരിഹരിക്കാനാകും. ലോഷനിലെ നല്ലസത്തുകള്‍ പെട്ടെന്ന് വലിച്ചെടുക്കാന്‍ ചര്‍മ്മത്തിന് കഴിയുന്നതാണ്. ഇത്തരം ലോഷനുകള്‍ ശരീരത്ത് പുരട്ടുന്നത് ഗുണം ചെയ്യും.


സോപ്പിന്റെ ഉപയോഗം ചര്‍മ്മത്തെ ബാധിക്കുന്നുണ്ടോ?
സോപ്പുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അവ ഏതു തരമായിരുന്നാലും അവരവരുടെ ചര്‍മ്മത്തിന് യോജിക്കുന്ന സോപ്പിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. കച്ചവടത്തിനായി വിപണിയിലെത്തുന്ന സോപ്പുകളെല്ലാം ധാരാളം രാസവസ്തുക്കള്‍ അടങ്ങിയവയാണ്. അതിനാല്‍ ഹെര്‍ബല്‍ സോപ്പുകള്‍ക്ക് മുന്‍ഗണന നല്‍കുന്നത് നല്ല മാര്‍ഗ്ഗമാണ്.
ചര്‍മ്മത്തിനിണങ്ങുന്ന സോപ്പുകള്‍ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് സാധാരണയായി ചര്‍മ്മത്തില്‍ കാണപ്പെടുന്ന എണ്ണമയം ഉണ്ടാകില്ല. അത്തരത്തിലുള്ളവര്‍ മോയിസ്ചറയ്സിങ്ങ് സോപ്പുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ അമിത രാസവസ്തുക്കളടങ്ങിയ സോപ്പുകള്‍ ഇവര്‍ പൂര്‍ണമായും ഒഴിവാക്കണം. അലോ വേരയും, വെജിറ്റബിള്‍ ഓയിലും അടങ്ങിയ നാചുറല്‍ സോപ്പുകളാണ് ഇത്തരക്കാര്‍ക്ക് ഉത്തമം.

എണ്ണമയം കൂടുതലുള്ള ചര്‍മ്മമാണ് ഓയിലി സ്കിന്‍. ഇത്തരക്കാരുടെ ചര്‍മ്മത്തില്‍ പെട്ടെന്നു തന്നെ പൊടിപടലങ്ങള്‍ പറ്റിപിടിക്കാന്‍ സാധ്യതയുണ്ട്. മുഖക്കുരുവിന് ഇത് കാരണമാകുന്നു. ദിവസവും ചര്‍മ്മം വൃത്തിയായി സൂക്ഷിക്കേണ്ടത് ഇവര്‍ക്ക് അത്യാവശ്യമാണ്. ആന്റിബാക്ടീരിയല്‍ സോപ്പല്ലെങ്കില്‍ ക്ളെന്‍സിങ്ങ് സോപ്പുകളോ ആണ് ഇവര്‍ക്ക് കൂടുതല്‍ നല്ലത്. ലാവന്റര്‍ സോപ്പുകളും ഓയിലി സ്കിനിന് നല്ലതാണ്.

ഇതിനെല്ലാം പുറമെ ചിലര്‍ക്ക് വരണ്ടതും ഓയിലിയുമായ മിക്സ് ചര്‍മ്മം ഉണ്ടായേക്കാം. വരണ്ട ചര്‍മ്മത്തിനും ഓയിലി സ്കിന്നിനും നിര്‍ദ്ദേശിക്കുന്ന സോപ്പുകള്‍ ഉപയോഗിക്കാതിരിക്കാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിക്കണം. അത് രണ്ടും ഈ ചര്‍മ്മത്തെ ദോഷകരമായി ബാധിക്കും. ഇവര്‍ സോപ്പിന്റെ ഉപയോഗം കഴിവതും കുറക്കണം. ക്ളെന്‍സര്‍ സോപ്പുകളും നാചുറല്‍ സോപ്പുകളും നല്ലതാണെങ്കിലും ഒരു വിദഗ്ദന്റെ അഭിപ്രായത്തില്‍ മാത്രമേ ഇത്തരക്കാര്‍ സോപ്പ് തിരഞ്ഞെടുക്കാവൂ. ഗ്ളിസറിന്‍ അടങ്ങിയ സോപ്പുകള്‍ ഉപയോഗിക്കുന്നതും നല്ലതാണ്.

അധികം എണ്ണമയമില്ലാത്തതും എന്നാല്‍ വരണ്ടതല്ലാത്തതുമായ ചര്‍മ്മമാണ് നോര്‍മല്‍ സ്കിന്‍. സാധാരണ സോപ്പുകളെല്ലാം ഉപയോഗിക്കാമെങ്കിലും വരണ്ട ചര്‍മ്മത്തിനോ ഓയിലി സ്കിന്നിനോ നിര്‍ദ്ദേശിച്ച സോപ്പുകള്‍ ഇവര്‍ക്ക് നല്ലതല്ല. നോര്‍മല്‍ സ്കിന്നിനും ധാരാളം സോപ്പുകള്‍ വിപണിയില്‍ ലഭ്യമാണ്.

1 comment:

  1. Soundaryam aarkaanu ishtamallaathath. Athinappurathe kari puranda jeevithangalku swasthi.

    ReplyDelete