
നിശ്ചയം കഴിഞ്ഞ് നാളേറെയായാലും പലരും വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നത് വളരെ വൈകിയാണ്. വിവാഹത്തിന് രണ്ട് ദിവസം മുമ്പ് അണിഞ്ഞൊരുങ്ങാന്‍ ശ്രമിച്ചിട്ട് യാതൊരു കാര്യമില്ല. വിവാഹ തിയ്യതിക്ക് ഒരു മാസം മുമ്പേ സൌന്ദര്യസംരക്ഷണം ആരംഭിക്കേണ്ടതുണ്ട്. വിവാഹത്തിനു മുമ്പുള്ള പ്രീ വെഡിങ്ങ് ബ്രൈഡല്‍ പേക്കേജില്‍ പ്രധാനപ്പെട്ട രണ്ടു കാര്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. ചര്‍മ്മസംരക്ഷണവും കേശപരിപാലനവും. ശരീരസംരക്ഷണം പിന്നീട് വരുന്നതാണ്. വിവാഹ ദിവസം തിളങ്ങി നില്‍ക്കാന്‍ നേരത്തെ തന്നെ ഒരുക്കങ്ങള്‍ക്ക് തയ്യാറായിക്കോളൂ. നിങ്ങളെ സഹായിക്കാനിതാ ചില ബ്യൂട്ടി ടിപ്പുകള്‍...
ചര്‍മ്മസംരക്ഷണത്തിന്
ചര്‍മ്മസംരക്ഷണമാകാം ആദ്യ പടി. ഒരു മാസം മുമ്പെങ്കിലും ഇതിനായി സമയം കണ്ടെത്തണം. ഒരു ബ്യൂട്ടീഷന്റെ സഹായത്തോടെ നിങ്ങളുടെ സ്കിനിന് യോജിച്ച ഫേസ് ക്ളെന്‍സിങ്ങ് തിരഞ്ഞെടുത്ത് രണ്ടായ്ചയിലൊരിക്കലെങ്കിലും ക്ളെന്‍സിങ്ങ് ചെയ്യാന്‍ ശ്രമിക്കണം. വീട്ടിലിരുന്ന് ചെയ്യാവുന്ന ഒന്നാണിത്. ക്ളെന്‍സിങ്ങ് ലോഷന്‍ പഞ്ഞിയിലെടുത്ത് മുഖവും കഴുത്തും വൃത്തിയാക്കിയാല്‍ മതി. ഇതുവഴി ചര്‍മ്മത്തിന് ഫ്രഷ്നസ് ലഭിക്കും. അവസാനത്തെ ക്ളെന്‍സിങ്ങ് വിവാഹത്തിന് നാല് ദിവസം മുമ്പെങ്കിലും ചെയ്തിരിക്കണം.
ഇതിനു പുറമെ വീട്ടിലിരുന്ന് തന്നെ മോയിസ്ചറയ്സിങ്ങും സ്ഥിരമായി ചെയ്യാവുന്നതാണ്. ഒരു സ്പൂണ്‍ ഓട്സില്‍ അല്‍പം വെള്ളം ചേര്‍ത്ത് കുഴച്ച് മുഖത്ത് പുരട്ടുക. മൂന്ന് മിനിറ്റിന് ശേഷം വിരല്‍തുമ്പ് കൊണ്ട് മൂക്കിന് ചുറ്റിലും കവിളുകളിലും കഴുത്തിലും ചെറുതായി മസാജ് ചെയ്യുക. ജീവനില്ലാത്ത കോഷങ്ങളെ നീക്കി സുഷിരങ്ങള്‍ തുറക്കുന്നതിന് ഈ മെത്തേഡ് സഹായിക്കും. കഴുകിയ ശേഷം സണ്‍സ്ക്രീനോ മോയിസ്ചറയ്സറോ ഉപയോഗിക്കാം. ഇരുപതുമിനിറ്റിനു ശേഷമേ മേക്കപ്പ് ചെയ്യാവൂ.
ഫേസ് സ്ക്രബ്, ബ്ളീച്ചിങ്ങ്, ഫേഷ്യല്‍ എന്നിവയും ചര്‍മ്മസംരക്ഷണത്തിന് ചെയ്യാവുന്ന ട്രീറ്റ്മെന്റുകളാണ്. ഇവയിലേത് തിരഞ്ഞെടുക്കുമ്പോഴും പ്രകൃതിദത്തമായത് തിരഞ്ഞെടുക്കാന്‍ ഓര്‍ക്കണം. സൈഡ്ഇഫെക്റ്റ്സ് ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണത്. 500 രൂപ മുതല്‍ 2000 രൂപ വരെയുള്ള ഇത്തരം കിറ്റുകള്‍ കടകളില്‍ ലഭ്യമാണ്. ട്രീറ്റ്മെന്റിന് ശേഷം പുറത്ത് പോകുമ്പോള്‍ കുട ചൂടാനും സണ്‍ ഗ്ളാസുകള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണം.
നാചുറല്‍ ഫേസ് പാക്കുകള്‍
മുള്‍ട്ടാണിമിട്ടി അല്ലെങ്കില്‍ ആര്യവേപ്പില പേസ്റ് എന്നിവയെല്ലാം വീട്ടില്‍ തന്നെയിരുന്ന് ചെയ്യാവുന്ന ഫേസ് പാക്കാക്കുകളാണ്. മുഖത്ത് പുരട്ടി അല്‍പസമയം കഴിഞ്ഞ് ഉണങ്ങുമ്പോള്‍ കഴുകിക്കളയുക. അതിനുശേഷം മോയ്ചറൈസര്‍ ഒരു കഷ്ണം പഞ്ഞിയിലെടുത്ത് പുരട്ടുന്നത് ചര്‍മ്മത്തിന് തിളക്കം കൂട്ടാന്‍ സഹായിക്കും.
കേശ പരിപാലനം
നീളമുള്ള മുടിയായാലും ട്രിം ചെയ്ത ഷോട്ട് ഹെയര്‍ ആയാലും കൃത്യമായ സംരക്ഷണത്തിലൂടെ മാത്രമേ മുടിയുടെ സൌന്ദര്യം നിലനിര്‍ത്താന്‍ കഴിയൂ. ഷോപ്പിങ്ങിനോ മറ്റാവശ്യങ്ങള്‍ക്കോ പുറത്ത് പോകുമ്പോള്‍ പൊടിപടലങ്ങള്‍ മുടിയിലൊട്ടിപ്പിടിക്കാന്‍ ഇടയുണ്ട്. അതുകൊണ്ട് ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും മുടി വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം.
അധികം കെമിക്കലുകളില്ലാത്ത ഷാംമ്പു വേണം തിരഞ്ഞെടുക്കാന്‍. (ബേബി ഷാംമ്പു നല്ലതാണ്). ഷാംമ്പുവിന്റെ പത തലയില്‍ നില്‍ക്കാത്ത തരത്തില്‍ മുഴുവനായും കഴുകിക്കളയാന്‍ ശ്രദ്ധിക്കണം. അവസാനത്തെ കപ്പ് വെള്ളത്തില്‍ ഒരു സ്പൂണ്‍ വിനാഗിരി ചേര്‍ക്കുന്നതും ഗുണം ചെയ്യും. വിനാഗിരി ചേര്‍ത്ത വെള്ളം തലയിലൊഴിച്ചാല്‍ പിന്നെ മുടിയധികം ഇളക്കാതെ വെയ്ക്കണം. ഉണങ്ങിയ ടവ്വല്‍കൊണ്ട് കെട്ടി സാധാരണ പോലെ ഇടുക. നനഞ്ഞ മുടി ചീകാതിരിക്കുക എന്നതും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ്. താരനില്ലാത്ത മിനുസമുള്ള മുടി അങ്ങനെ നേടിയെടുക്കാം.
പുതിയൊരു ഹെയര്‍ സ്റയിലിനുള്ള തീരുമാനമുണ്ടെങ്കില്‍ വിവാഹത്തിന് മൂന്നാഴ്ച മുമ്പെങ്കിലും മുടി വെട്ടാന്‍ ശ്രദ്ധിക്കണം. നേരത്തെതന്നെ വെട്ടി മുടിയെ സെറ്റില്‍ ചെയ്യാന്‍ അനുവദിക്കണം. കളറിങ്ങ്, ഹൈലൈറ്റിങ്ങ്, സ്ട്രൈറ്റനിങ്ങ് എന്നിവയും ചെയ്യാം. ഹെയര്‍ ബ്രഷ്, ഹെയര്‍ ഡ്രയര്‍ എന്നിവ വാങ്ങി മേക്കപ്പ് കിറ്റില്‍ സൂക്ഷിക്കുന്നതും നല്ലതാണ്. പെട്ടെന്നുള്ള പാര്‍ട്ടികള്‍ക്ക് പോകുമ്പോള്‍ ബ്യൂട്ടി പാര്‍ലറിലേക്ക് ഓടാതെ സ്വന്തമായിതന്നെ മുടി ചുരുട്ടുകയും സ്ട്രെയ്റ്റ് ചെയ്യുകയും ചെയ്യാം.
വീട്ടിലിരുന്ന് തയ്യാറാക്കാവുന്ന കണ്ടീഷനര്‍ പാക്ക്
കാല്‍കപ്പ് മൈലാഞ്ചി പൊടി ഇളം ചൂട് വെള്ളത്തില്‍ കുഴച്ച് കുഴമ്പ് പരുവത്തിലാക്കുക. രണ്ട് മുട്ടയുടെ മഞ്ഞക്കരുവും കാല്‍ കപ്പ് ഉഴുന്ന്പൊടിയും ഒരു ചെറുനാരങ്ങയുടെ നീരും ഇതിലേക്ക് ചേര്‍ത്ത് സെറ്റ് ചെയ്തശേഷം തലയോട്ടിയില്‍ പുരട്ടുക. ഒരു മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംമ്പു ഉപയോഗിച്ച് കഴുകാം. ആഴ്ചയിലൊരിക്കലെങ്കിലും ഈ ട്രീറ്റ്മെന്റ് ചെയ്യണം.
ശരീരസംരക്ഷണം
ദിവസവും ശരീരസംരക്ഷണത്തിനായി അല്‍പസമയം കണ്ടെത്താന്‍ ശ്രദ്ധിക്കുക. ഇറുകിയ വസ്ത്രങ്ങള്‍ കഴിവതും ഒഴിവാക്കണം. ഓട്സും പാല്‍പൊടിയും കട്ടിയുള്ള സ്റാര്‍ച്ചും തുല്യ അളവിലെടുത്ത് പേസ്റ് രൂപത്തിലാക്കി ശരീരത്തില്‍ പുരട്ടി ഇരുപത് മിനിറ്റുനേരം ഉണങ്ങാന്‍ വെക്കുക. അതിനുശേഷം ചെറുചൂടുവെള്ളത്തില്‍ കുളിക്കണം.
മറ്റു ശരീരഭാഗങ്ങളെ അപേക്ഷിച്ച് കൈപത്തിക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ്. രാത്രി കിടക്കാന്‍ നേരം കൈകളിലും കാലിലും ഏതെങ്കിലും കോള്‍ഡ് ക്രീം പുരട്ടുന്നത് ചര്‍മ്മത്തിന്റെ മിനുസം വര്‍ദ്ദിപ്പിക്കാന്‍ സഹായിക്കും. വിവാഹത്തിന് മുമ്പ് ഒരു പ്രൊഫഷണല്‍ ബ്യൂട്ടീഷന്റെ സഹായത്തോടെ മാനിക്യൂറും പെഡിക്യൂറും നിര്‍ബന്ധമായും ചെയ്തിരിക്കണം. അനാവശ്യരോമമുള്ളവര്‍ക്ക് ആവശ്യമനുസരിച്ച് വാക്സിനും ചെയ്യാം. എല്ലാറ്റിനുമുപരി ഒരു സമീകൃത ഡയറ്റ് ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കണം.
കോസ്മെറ്റിക്സ് തിരഞ്ഞെടുക്കുമ്പോള്‍
ചര്‍മ്മത്തിന് യോജിച്ച കോസ്മെറ്റിക്സ് വാങ്ങാന്‍ വിട്ടുവീഴ്ചയരുത്. സ്കിന്നില്‍ പുരട്ടി നോക്കി ടെസ്റ് ചെയ്ത ശേഷമേ കോസ്മെറ്റിക്സ് വാങ്ങാവൂ. ചുണ്ടുകള്‍ക്കും കണ്ണുകള്‍ക്കുമുള്ള കോസ്മെറ്റിക്സ് വാങ്ങുമ്പോള്‍ മാറ്റ് ഫിനിഷ് നോക്കി വാങ്ങണം. അത് നിങ്ങളുടെ മുഖത്തിന് കൂടുതല്‍ അഴകേകും. അലര്‍ജിയില്ലാത്ത വാട്ടര്‍പ്രൂഫ് ലിപ്സ്റിക്കും മസ്ക്കാരയും വിപണിയില്‍ ലഭ്യമാണ്. സൌന്ദര്യവര്‍ദ്ധക വസ്തുക്കളുടെ ഗുണനിലവാരത്തില്‍ കോംപ്രമൈസ് പാടില്ല. വിവാഹത്തിനുള്ള അണിഞ്ഞൊരുക്കത്തിന് ഒരു റിഹേഴ്സല്‍ നേരത്തെ ചെയ്തു നോക്കണം. ഇത് പോരായ്മകള്‍ തിരുത്താന്‍ സഹായിക്കും.
ഇവയ്ക്കെല്ലാം പുറമെ ആരോമതെറാപ്പി, ഓയില്‍ മസാജ്, ഹെര്‍ബല്‍ സ്റീം ബാത്ത്, ടി ട്രി ഓയില്‍ സ്ക്രബ്, മില്‍ക്ക് ബാത്ത്, മിനറല്‍ ബാത്ത്, ബോഡി മാസ്ക് എന്നിവ ചെയ്യുന്നതും നല്ലതാണ്. ഇനി ആത്മവിശ്വാസത്തോടെ വിവാഹത്തിന് റെഡിയായിക്കോളൂ.
No comments:
Post a Comment